Sunday, July 26, 2009

എം ജി കോളേജിലെ സംസ്കാരിക വിരുദ്ധ ചെയ്തികള്‍

വളരെ വിചിത്രവും നിര്‍ഭാഗ്യകരവുമായ സംഭവങ്ങളാണ് എന്‍ എസ്സ് എസ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ജി കോളേജില്‍ ഈയിടെ ഉണ്ടായത്. സാംസ്കാരിക പൈത്രുകത്തിലും ദേശീയബോധത്തിലും പ്രബുദ്ധരായ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം അവിടെ ഉണ്ടായതു മുതല്‍ പുതിയതായി ചേരുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ട് നടത്തി വരുന്നതാണ് സരസ്വതി പൂജ. എന്നാല്‍ ഇപ്പോള്‍ അവിടെ ചുമതലയേറ്റിരിക്കുന്ന പ്രിന്‍സിപ്പല്‍ നമ്മുടെ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അവിടെ അതു പാടില്ല എന്നാണ് പറയുന്നത്.
എട്ടുപേരെ അതിന്റെപേരില്‍ പിരിച്ചുവിടുകയും ചെയ്തുഎന്നാണ് അറിഞ്ഞത്.
എന് എസ്സ് എസ്സിന്റെ നിയന്ത്രണത്തില്‍ ഇരിക്കുന്ന ഒരു കോളേജില്‍ ഇതു തികച്ചും ദൌര്‍ഭാഗ്യകരമായിപ്പോയി. നവാഗതരെ റാഗിങ് ചെയ്തും മറ്റും സ്വീകരിക്കുന്ന സീനിയറുകളില്‍നിന്നും തികച്ചും വ്യത്യസ്തമായ പാത സ്വീകരിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് അവര്‍ ചോദ്യം ചെയ്തിരിക്കുന്നത്.

സത്യത്തില്‍ വേണ്ടത് എന്തായിരുന്നു ,മഹത്തായ ഒരു ഹിന്ദു സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ് എന്‍ എസ്സ് എസ്സ്, അവര്‍ സ്വയം മുന്നിട്ടുനിന്നു ചെയ്യേണ്ടതായിരുന്നതല്ലെ ഈ പൂജ. ഒരു ക്രിസ്ത്യന്‍ മാനേജ്മെന്റോ മുസ്ലീം മാനേജ്മെന്റോ (അടുത്തുതന്നെ ദേവാലയവും ഉണ്ടാകും-അതവരുടെ മതബോധം) ആയിരുന്നെങ്കില്‍ തീര്‍ച്ചയായും അവിടെ പ്രാര്‍ത്ഥ്ന ഉണ്ടാകുമായിരുന്നില്ലേ. അതിനാല്‍ മതപരമായ ഒരുചടങ്ങായി പരിഗണിച്ചാല്‍ പോലും അതിനെ കുറ്റമായി കാണുന്നതെങ്ങനെ ? അപ്പോള്‍ പ്രിന്‍സിപ്പലിനെ നയിച്ചചിന്ത എന്താണ്. തികച്ചും കമ്മ്യൂണിസ്റ്റ് സഹയാത്രികനായതിനാലാവും ഇദ്ദേഹത്തിന് ഇതിലൊക്കെ അസഹിഷ്ണുത തോന്നിയത്. അവിടെ എസ് എഫ് ഐ യെ കുടിയിരുത്താനുള്ള തന്ത്രത്തിന്റെ ഭാഗമല്ലേ ഇത് എന്ന സ്വാഭാവിക സംശയമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ളത്.

സരസ്വതീപൂജ അങ്ങനെ മതപരമായി പോലും ചുരുക്കികാണേണ്ട ഒന്നല്ല എന്നതല്ലേ വസ്തുത. ജാതിമത വ്യത്യാസമില്ലാതെ നമ്മുടെ സമൂഹത്തില്‍ നില്‍ക്കുന്ന അചാ‍രമാണ് എഴുത്തിനിരുത്തും മറ്റും . സരസ്വതീ വന്ദനത്തോടെയാണ് നമ്മുടെ പൂര്‍വ്വിക ഗുരുകുലങ്ങളില്‍ പഠനം തുടങ്ങുയിരുന്നതുതന്നെ. പുസ്തകം സരസ്വതി ആണെന്നാണ് നമ്മുടെ വിശ്വാസം അതിനാല്‍ തന്നെ പുസ്തകം തറയില്‍ വിഴുമ്പോഴും
മറ്റും എടുത്തു തൊഴുതുപോന്നു. ഇതൊന്നും അറിയാത്ത ഒരാളാണോ കോളേജിനെ നയിക്കുന്നത്?. 1928 ല്‍ ആണ് കരയോഗം നിലവില്‍ വരുന്നത് , എന്‍.എസ്സ്.എസ്സിന്റെ ഉദേശ്യം പദ്ധതിയില്‍ വ്യക്തമാക്കുന്നു.
മതബോധമുണ്ടാക്കി ജീവിതത്തെ പരിശുദ്ധമാക്കുക , സഹോദര സമുദായമൈത്രിക്കും സാധുജനപരിപാലനത്തിലും പ്രവര്‍ത്തിക്കുക തുടങ്ങിയവ ലക്ഷ്യങ്ങളില്‍ പെടുന്നു.
ഇതില്‍ ഏതാണ് ഈ കോളേജില്‍ നടപ്പിലാക്കിവന്നതെന്നറിയില്ല. നേത്ര്ത്വത്തിനു പറ്റിയിരിക്കുന്ന അന്ധത ഇവിടെയും ബാധിച്ചിരിക്കുന്നതാവാം.

ചിന്തിക്കാന്‍ ചിലത്:
“ജനഹിതം നോക്കി കോളേജുകള്‍ നടത്താനാവില്ല എന്ന് പണിക്കര്‍ (സ്വാശ്രയ പ്രശ്നം)‍.“
ജനഹിതമോ സമുദായഹിതമോഇല്ലാതെ എന്തിനാണിങ്ങനെ ഒരു സംഘടന നായരേ?

കാര്‍ഗ്ഗില്‍ - കേള്‍ക്കേണ്ട ചിലത്

ഭാരതീയരില്‍ ദേശീയബോധവും ഐക്യവും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കാര്‍ഗ്ഗില്‍ രക്തസാക്ഷിത്വദിനം ഇന്ന്.


ധീര രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് തന്നെ ചിലത് പറയട്ടെ.

“കാര്‍ഗില്‍ വിജയം എന്‍.ഡി.എയുടേതല്ലേ അതവര്‍ അഘോഷിക്കട്ടെ”
കോണ്‍ഗ്രസ്സ് എം പി ആയ റഷീദ് അല്‍വിയുടെ വാക്കുകളാണിവ. ഒരു സാധാരണ പൗരനുള്ള ദേശസ്നേഹമോ ദേശീയവികാരമോ പോലും രാഷ്ട്രീയക്കാര്‍ക്കില്ല എന്നതിന്റെ സമീപകാല ഉദാഹരണമാകുന്നു ഇത്. പ്രധാനമന്ത്രി ആദ്യമായാണ് ഇന്ന് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇത്തരത്തില്‍ ഉള്ള വികാരത്തിന്റെ ഭാഗമായാകാം യു.പി.എ ഇതുവരെ കാര്‍ഗ്ഗില്‍ സ്മരണകള്‍ക്ക് പ്രാധാന്യം കൊടുക്കാത്തത്, ചില മാധ്യമങ്ങള്‍ അതുപറയുന്നുമുണ്ട് .

രാജ്യത്ത് തീവ്രവാദവും പ്രാദേശികവാദവുമൊക്കെ സ്പഷ്ടമായിക്കാണുന്ന ഈ
കാലത്ത് കാര്‍ഗ്ഗില്‍ വിജയം പോലുള്ള ദേശീയ വികാരം ഉണര്‍ത്തേണ്ട വിഷയങ്ങളില്‍
രാഷ്ടീയം കലര്‍ത്തുന്നത് തികച്ചും ദൌര്‍ഭാഗ്യകരമാണ്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമാകുന്നില്ല.ഇവരെപ്പോലുള്ളവര്‍ ‍മുന്‍കൈയ്യെടുത്തിരുന്നെങ്കില്‍ യമുനാതീരത്ത് ആ ധീരജവാന്മാരുടെ ഓര്‍മ്മയ്ക്കായി സ്മാരകം തീര്‍ക്കാമായിരുന്നു.
രാഷ്ടീയക്കാരുടെ സ്മാരകങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ആ മണ്ണ് അഭിമാനിച്ചേനേ. അതൊന്നും ഉണ്ടാകാതിരിക്കുന്നത് ഇത്തരത്തില്‍ ഉള്ള ഇടുങ്ങിയ ചിന്തകളാണ്. അതുതന്നെയാണ് നാടിന്റെ ശാപവും.

സെപ്റ്റംബര്‍ 11 നെഅനുസ്മരിപ്പിക്കുന്നതിനു അമേരിക്ക അവിടെ സ്മാരകം തീര്‍ത്തിരിക്കുന്നത് കണ്ട് നാം പഠിക്കണം.അവര്‍ അതിനെ ദേശീയബോധം ഉളവാകുന്ന ചടങ്ങായി മാറ്റുന്നു , മരിച്ചത് പൌരന്മാരാണെങ്കില്‍ക്കൂടി, നമ്മുടെ അവസ്ഥ എന്താണ്? അവരക്കാളുമൊക്കെ പാരമ്പര്യമുള്ള ഒരുരാഷ്ട്രമാണ് ഇത്തരം കാര്യങ്ങളില്‍ താല്പര്യം കാട്ടാതിരിക്കുന്നത് എന്നത് ദേശസ്നേഹമുള്ള എല്ലാവരേയും വിഷമിപ്പിക്കുന്നതാണ്.

ഇത്തരം കാര്യങ്ങളില്‍ പോലും ഐക്യമുണ്ടാക്കാന്‍ നമുക്കുകഴിയുന്നില്ല. ആ ധീരര്‍ക്കു പ്രണാമം അര്‍പ്പിച്ച്കൊണ്ട് ഇനിയെങ്കിലും അതുണ്ടാകട്ടെയെന്നു പ്രതീക്ഷിക്കുന്നു.


Powered by Blogger