Sunday, July 26, 2009

കാര്‍ഗ്ഗില്‍ - കേള്‍ക്കേണ്ട ചിലത്

ഭാരതീയരില്‍ ദേശീയബോധവും ഐക്യവും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കാര്‍ഗ്ഗില്‍ രക്തസാക്ഷിത്വദിനം ഇന്ന്.


ധീര രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് തന്നെ ചിലത് പറയട്ടെ.

“കാര്‍ഗില്‍ വിജയം എന്‍.ഡി.എയുടേതല്ലേ അതവര്‍ അഘോഷിക്കട്ടെ”
കോണ്‍ഗ്രസ്സ് എം പി ആയ റഷീദ് അല്‍വിയുടെ വാക്കുകളാണിവ. ഒരു സാധാരണ പൗരനുള്ള ദേശസ്നേഹമോ ദേശീയവികാരമോ പോലും രാഷ്ട്രീയക്കാര്‍ക്കില്ല എന്നതിന്റെ സമീപകാല ഉദാഹരണമാകുന്നു ഇത്. പ്രധാനമന്ത്രി ആദ്യമായാണ് ഇന്ന് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇത്തരത്തില്‍ ഉള്ള വികാരത്തിന്റെ ഭാഗമായാകാം യു.പി.എ ഇതുവരെ കാര്‍ഗ്ഗില്‍ സ്മരണകള്‍ക്ക് പ്രാധാന്യം കൊടുക്കാത്തത്, ചില മാധ്യമങ്ങള്‍ അതുപറയുന്നുമുണ്ട് .

രാജ്യത്ത് തീവ്രവാദവും പ്രാദേശികവാദവുമൊക്കെ സ്പഷ്ടമായിക്കാണുന്ന ഈ
കാലത്ത് കാര്‍ഗ്ഗില്‍ വിജയം പോലുള്ള ദേശീയ വികാരം ഉണര്‍ത്തേണ്ട വിഷയങ്ങളില്‍
രാഷ്ടീയം കലര്‍ത്തുന്നത് തികച്ചും ദൌര്‍ഭാഗ്യകരമാണ്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമാകുന്നില്ല.ഇവരെപ്പോലുള്ളവര്‍ ‍മുന്‍കൈയ്യെടുത്തിരുന്നെങ്കില്‍ യമുനാതീരത്ത് ആ ധീരജവാന്മാരുടെ ഓര്‍മ്മയ്ക്കായി സ്മാരകം തീര്‍ക്കാമായിരുന്നു.
രാഷ്ടീയക്കാരുടെ സ്മാരകങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ആ മണ്ണ് അഭിമാനിച്ചേനേ. അതൊന്നും ഉണ്ടാകാതിരിക്കുന്നത് ഇത്തരത്തില്‍ ഉള്ള ഇടുങ്ങിയ ചിന്തകളാണ്. അതുതന്നെയാണ് നാടിന്റെ ശാപവും.

സെപ്റ്റംബര്‍ 11 നെഅനുസ്മരിപ്പിക്കുന്നതിനു അമേരിക്ക അവിടെ സ്മാരകം തീര്‍ത്തിരിക്കുന്നത് കണ്ട് നാം പഠിക്കണം.അവര്‍ അതിനെ ദേശീയബോധം ഉളവാകുന്ന ചടങ്ങായി മാറ്റുന്നു , മരിച്ചത് പൌരന്മാരാണെങ്കില്‍ക്കൂടി, നമ്മുടെ അവസ്ഥ എന്താണ്? അവരക്കാളുമൊക്കെ പാരമ്പര്യമുള്ള ഒരുരാഷ്ട്രമാണ് ഇത്തരം കാര്യങ്ങളില്‍ താല്പര്യം കാട്ടാതിരിക്കുന്നത് എന്നത് ദേശസ്നേഹമുള്ള എല്ലാവരേയും വിഷമിപ്പിക്കുന്നതാണ്.

ഇത്തരം കാര്യങ്ങളില്‍ പോലും ഐക്യമുണ്ടാക്കാന്‍ നമുക്കുകഴിയുന്നില്ല. ആ ധീരര്‍ക്കു പ്രണാമം അര്‍പ്പിച്ച്കൊണ്ട് ഇനിയെങ്കിലും അതുണ്ടാകട്ടെയെന്നു പ്രതീക്ഷിക്കുന്നു.

1 comments:

ചന്തു said...

സ്മാരകങ്ങള്‍ എല്ലാം വെറും കല്‍പ്രതിമകളല്ല, അമര്‍ജവാന്‍ ജ്യോതിയില്‍ രാഷ്ട്രം സല്യൂട്ട് ചെയ്യുന്ന സമയത്ത് ഒരോ ഭാരതീയനും രാഷ്ട്രസ്നേഹം കൊണ്ട് അഭിമാനം കൊള്ളുന്നു.


Powered by Blogger